
ചെന്നൈ/കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്കും തമിഴക വെട്രി കഴകത്തിനും (ടിവികെ) മികച്ച നേട്ടം. അസമിലെ നഗോൺ ലോക്സഭാ മണ്ഡലത്തിലും പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി വിജയം നേടിയപ്പോൾ തമിഴ്നാട്ടിലെ രണ്ട് നിയമസഭാ സീറ്റുകളും ടിവികെ പിടിച്ചെടുത്തു. പുതുച്ചേരിയിലെ തട്ടാഞ്ചാവടി മണ്ഡലത്തിൽ എൻആർ കോൺഗ്രസ് സീറ്റ് നിലനിർത്തി.
പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും റെജി നഗറിലും ബിജെപി സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നന്ദിഗ്രാമിൽ ഹാസി റാണി റത്ത് 1,22,753 വോട്ടുകളുടെ ഭൂരിപക്ഷം നേടി. കോൺഗ്രസിന്റെ മിലൻ പ്രധാനായിരുന്നു എതിരാളി. റെജി നഗറിൽ ബിജെപി സ്ഥാനാർഥി ശങ്കരവ് സർക്കാർ 75,816 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസമിലെ നഗോൺ ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ ദേവാഷിഷ് ശർമ 1,51,226 വോട്ടുകൾ നേടി വിജയം ഉറപ്പിച്ചു.
തമിഴ്നാട്ടിൽ ടിവികെ തരംഗം; അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി
തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ നേടിയ വിജയം അണ്ണാഡിഎംകെയ്ക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയായി. അണ്ണാഡിഎംകെ എംഎൽഎമാരുടെ രാജിയെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ മധുരാന്തകത്തും ധാരാപുരത്തും ടിവികെ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. രണ്ട് മണ്ഡലങ്ങളിലും അണ്ണാഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പാർട്ടി നേതൃത്വത്തിനും എടപ്പാടി കെ. പളനിസാമിക്കും വെല്ലുവിളിയായി.
മുഖ്യമന്ത്രി വിജയ് നേരിട്ടെത്തി നടത്തിയ പ്രചാരണം ടിവികെയുടെ വിജയത്തിൽ നിർണായകമായെന്നാണ് വിലയിരുത്തൽ. അണ്ണാഡിഎംകെയിൽ നിന്ന് രാജിവച്ചെത്തിയവർ ടിവികെ സ്ഥാനാർഥികളായതോടെ രാഷ്ട്രീയ കുതിരക്കച്ചവടമെന്ന ആരോപണം പ്രതിപക്ഷം ഉയർത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രകടമായ ടിവികെ മുന്നേറ്റം ഉപതിരഞ്ഞെടുപ്പിലും ആവർത്തിച്ചു.
ടിവികെ വിജയിച്ച രണ്ട് മണ്ഡലങ്ങളും പട്ടികജാതി സംവരണ മണ്ഡലങ്ങളാണ്. ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷി പരാജയപ്പെടാത്ത തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രവും ഇതോടെ തുടർന്നു.
മധുരാന്തകത്ത് 57,994 വോട്ടിന്റെ ഭൂരിപക്ഷം
ചെങ്കൽപ്പെട്ട് ജില്ലയിലെ മധുരാന്തകത്ത് ടിവികെ സ്ഥാനാർഥി മരഗതം കുമരവേൽ 57,994 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഡിഎംകെയുടെ ഐ. പരന്താമൻ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ഏപ്രിലിൽ മണ്ഡലത്തിൽ വിജയിച്ച അണ്ണാഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുതിർന്ന നേതാവ് എസ്. കനിതാ സമ്പത്തായിരുന്നു അണ്ണാഡിഎംകെയുടെ സ്ഥാനാർഥി.
മണ്ഡലത്തിലെ 285 ബൂത്തുകളിലായി 2,13,788 വോട്ടർമാരാണുണ്ടായിരുന്നത്. 86.26 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. അണ്ണാഡിഎംകെയുടെ പരാജയം പരമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന വിലയിരുത്തലിന് ശക്തിപകരുന്നതാണ്.
ധാരാപുരത്തും ടിവികെയ്ക്ക് വൻ വിജയം
തിരുപ്പൂർ ജില്ലയിലെ ധാരാപുരത്ത് ടിവികെ സ്ഥാനാർഥി പി. സത്യഭാമ 66,841 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ഡിഎംകെയുടെ എസ്. സുകന്യയാണ് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 16,727 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച അണ്ണാഡിഎംകെ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ. ഭാനുമതിയായിരുന്നു അണ്ണാഡിഎംകെ സ്ഥാനാർഥി.
മണ്ഡലത്തിലെ 285 ബൂത്തുകളിലായി 2,23,247 വോട്ടർമാരുണ്ടായിരുന്നു. 80.03 ശതമാനമായിരുന്നു പോളിങ്. അണ്ണാഡിഎംകെയുടെ പരാജയം പാർട്ടിയുടെ പരമ്പരാഗത വോട്ടുകളിൽ ടിവികെ കടന്നുകയറിയെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
2,000 വോട്ട് പോലും നേടാനാകാതെ ഇടതുപക്ഷം
തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിച്ച ഇടതുപക്ഷത്തിന് ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തിൽ നിന്ന് പുറത്തുപോയ ഇടതുപക്ഷം, ടിവികെ നേതൃത്വം നൽകിയ സഖ്യത്തിലും ചേർന്നിരുന്നില്ല. മധുരാന്തകത്ത് സിപിഎമ്മും ധാരാപുരത്ത് സിപിഐയുമാണ് മത്സരിച്ചത്.
രണ്ട് മണ്ഡലങ്ങളിലും 2,000 വോട്ട് പോലും നേടാനാകാതെ പോയ ഇടതുപക്ഷ സ്ഥാനാർഥികൾ നാം തമിഴർ കക്ഷി സ്ഥാനാർഥികൾക്ക് പിന്നിലായി. ടിവികെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന സാഹചര്യത്തിലായിരുന്നു ഇടതുപക്ഷം ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങിയത്.
പുതുച്ചേരിയിൽ തട്ടാഞ്ചാവടി എൻആർ കോൺഗ്രസിന്
പുതുച്ചേരിയിലെ തട്ടാഞ്ചാവടി നിയമസഭാ മണ്ഡലത്തിൽ എൻആർ കോൺഗ്രസ് വിജയം ആവർത്തിച്ചു. മുഖ്യമന്ത്രി എൻ. രംഗസാമി രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. എൻആർ കോൺഗ്രസ് സ്ഥാനാർഥി അശോക് ആനന്ദ് 8,482 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
എൻആർ കോൺഗ്രസിന് 13,358 വോട്ട് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർഥിക്ക് 4,876 വോട്ടാണ് നേടാനായത്. ഡിഎംകെ 2,664 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. ആകെ 11 സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലത്തിൽ 26,921 വോട്ടർമാരാണുണ്ടായിരുന്നത്. 80.81 ശതമാനമായിരുന്നു പോളിങ്.
1991 മുതൽ രംഗസാമി തുടർച്ചയായി വിജയിച്ചിരുന്ന മണ്ഡലത്തിൽ ഇത്തവണ എൻഡിഎയുടെ ഭാഗമായി എൻആർ കോൺഗ്രസ് അശോക് ആനന്ദിനെയാണ് മത്സരിപ്പിച്ചത്. ടിവികെയുടെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർഥിയായ ഇ. വിനായകമാണ് പ്രധാന എതിരാളിയായി രംഗത്തെത്തിയത്.
കഴിഞ്ഞ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രംഗസാമി 4,441 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിനായകത്തെ പരാജയപ്പെടുത്തിയത്. അന്ന് നേയം മക്കൾ കക്ഷി സ്ഥാനാർഥിയായി മത്സരിച്ച വിനായകത്തെ വീണ്ടും രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം വിജയിച്ചില്ല.










